pravasajeevitham..

പ്രവാസ ജീവിതം ഒരു മെഴുകുതിരിപൊലെയാണ് മറ്റുള്ളവര്‍ക്ക് വെളിച്ചംനല്‍കുന്നതോടോപ്പം തനിയെ ഉരുകിത്തീരുന്നൂ....

minnamilungu

ആരുണ്ട് ഇവരെ രക്ഷിക്കാൻ?


കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കും
നേരെയുള്ള കടന്നാക്രമണങ്ങളും ഇന്ന് നമുക്കിടയിൽ അപ്രധാനമായ വാർത്തകളായിരിക്കുന്നു. ഇത്തരത്തിൽ മനസ്സിനെ പിടിച്ചുലച്ച ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം എന്റെ നാട്ടിൽനിന്നും കേൾക്കാനായത്. ഒമ്പതു വയസ്സുമുതൽ തന്റെ മാതാവിന്റെ സഹോദരിഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന പതിമൂന്നുകാരി പെൺകുട്ടിയാണ് കേസിലെ ഇര. മാതാവും പിതാവും ബന്ധം വേർപ്പെടുത്തി മറ്റു വിവാഹം കഴിച്ചതോടെ അനാഥമായ പെൺകുട്ടി ഒരു അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ സംരക്ഷണം സ്വമേധയാ ഏറ്റെടുത്ത ഈ കാട്ടാളഹൃദയനായ മനുഷ്യൻതന്നെയാണ് കുട്ടിയെ അനാഥാലയത്തിലാക്കിയത് . അനാഥാലയത്തിൽ നിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് വിളിച്ചിറക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ഈ പിഞ്ചു ബാലികയെ അതിക്രൂരമായി തന്റെ കാമാർത്തിക്ക് വിധേയമാക്കിയിട്ടും തൃപ്തനാകാത്ത ഇയാൾ, തന്റെ തൊഴിലുടമയും ബിസിനിസുകാരനുമായ മറ്റൊരാൾക്കും പെൺകുട്ടിയെ കാഴ്ചവെച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അയ്യായിരം രൂപവരെ പ്രതിഫലം പറ്റിയിരുന്നതായി
ഇയാൾതന്നെ സമ്മതിച്ചിട്ടുണ്ട്. ഒമ്പതു വയസ്സുമുതൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി നാട്ടുകാരോടും
പോലീസിനോടും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ കേസിലുൾപ്പെട്ടിട്ടുണ്ടൊ എന്നത് അന്യേഷിച്ചു വരുന്നതേയുള്ളൂ . അനാഥാലയത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ രണ്ടുമാസമായി ഇയാളുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. പീഡനം അസഹനീയമായപ്പോൾ അടുത്ത വീട്ടിലെ ചിലരോട് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് കഥ പുറം ലോകമറിയുന്നത്. സ്ഥിരമായി ഇയാളും മറ്റു ദിവസങ്ങളിൽ ഇയാളുടെ കൂട്ടുകാരനും കുട്ടിയെ ക്രൂരമായി
പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അയൽ‌വീട്ടുകാരോട് പറയുകയായിരുന്നു. നേരം ഇരുട്ടുന്നത് തന്നെ ഭയമാണെന്നും നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ച് മയക്കിയാണ് പീഡിപ്പിച്ചിരുന്നതെന്നും കുട്ടി അയൽവീട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ മൊഴി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടുകാരാണ് വിവരം പോലീസിന് കൈമാറിയത്. മയക്കഗുളിക കൊടുത്തും മറ്റുമാണ് ഇയാളും കൂട്ടുകാരനും കുട്ടിയെ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അഞ്ച് ടാബ്ലറ്റുകൾ വരെ നൽകിയിരുന്നതായി പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇത്രയും കാലം കുട്ടിയെ പീഡനത്തിന് വിധേയമാക്കിയത്. അനാഥാലയത്തിൽ കഴിയുമ്പോൾ ദിവസങ്ങളോളം കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി
ഇയാളും കൂട്ടുകാരനും പീഡിപ്പിച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വണ്ടൂർ പോലീസ് അറസ്റ്റുചൈത പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജറാക്കി റിമാൻഡ് ചൈതു. പെൺകുട്ടിയെ ചൈൽഡ് ഹെൽ‌പ്‌ലൈൻ പ്രവർത്തകർവഴി വെള്ളിമാടുകുന്നുള്ള ഷോർട് സ്റ്റേ ഹോമിലേക്ക് മാറ്റി.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പുറം ലോകം അറിഞ്ഞ സംഭവങ്ങളിൽ ഒന്നുമാത്രമാണ്. ഇതുപോലെ എത്രയൊ പെൺകുട്ടികൾ സ്വന്തം വീടുകളിലും പുറത്തുമായി ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാവുന്നു. അയൽകാരനാൽ പീഡിതയായ പിഞ്ചുബാലിക, ട്യുഷൻമാസ്റ്ററുടെ കാമവൈകൃതങ്ങൾക്കിരയാകേണ്ടി വരുന്ന വിദ്യാർത്ഥിനികൾ, സഹപാഠിയുടെ പീഡനങ്ങളിൽ മനംനൊന്ത്‌ ആത്മഹത്യ ചെയ്യുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ, എന്തിനധികം സ്വന്തം പിതാവിനാൽ ഗർഭം പേറേണ്ടിവരുന്ന ഹതഭാഗ്യരായ പന്ത്രണ്ടും പതിമൂന്നും വയസായ പെൺകുട്ടികളുടെ ഹൃദയഭേദകമായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ സംരക്ഷിക്കേണ്ടവർ തന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരായി മാറുമ്പോൾ കുട്ടികൾ ആരോടാണ് ആവലാതി ബോധിപ്പിക്കുക? കുട്ടികൾ ഏറ്റവുമധികം സുരക്ഷിതരാകുന്നത് സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണല്ലൊ. എന്നാൽ ചിലകുട്ടികളെങ്കിലും മാതാപിതാക്കളുടെകരങ്ങളിൽ സുരക്ഷിതരല്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

വർഷങ്ങളായി പിതാവിന്റെ വികലമായ കാമാർത്തിക്ക് വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ നാം കണ്ടത്‌. തങ്ങൾ നേരിടുന്ന ക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ സ്വയം ഉരുകി നശിക്കുന്നവർ. പീഡനം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽപേറി നടക്കുകയാണിവർ. ക്രൂരപീഡനങ്ങൾക്കൊടുവിൽ ശരീരം തളർന്ന്‌ ആശുപത്രിയിലും മറ്റും എത്തുമ്പോഴാണ്‌ പീഡനം പുറംലോകമറിയുന്നത്‌. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. കുറച്ചുമുമ്പ് പത്തും പതിമൂന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടിയതായി വാർത്തകണ്ടു. ഒരാഴ്ച നീണ്ട അന്യേഷണങ്ങൾകൊടുവിൽ കുട്ടികൾ കൂട്ടുകാരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. പിന്നീടുള്ള ചോദ്യംചെയ്യലിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്‌. അച്ചനമ്മമാർ അപകടത്തിൽ മരിച്ച കുട്ടികൾ അമ്മാവന്റെകൂടെയാണ്‌ കഴിഞ്ഞിരുന്നത്‌. ക്രൂരമായ ലൈംഗികപീഡനങ്ങളാണ്‌ ഇവിടെനിന്നും ഏൽകേണ്ടിവന്നതെന്ന്‌ കുട്ടികൾ അന്യേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു. പീഡനം അസഹ്യമായപ്പോൾ അനിയത്തിയേയും കൈപിടിച്ച് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. സമാനമായ വാർത്തകൾ നാം എത്രയൊ കേട്ടതാണ്‌. കുറച്ച് മുമ്പ് മലപ്പുറംജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്ത സംഭവം നമ്മെ ലജ്ജിപ്പിക്കുന്നതായിരുന്നു. രണ്ടുവർഷമായി പിതാവിന്റെ കാമവൈകൃതങ്ങൾക്കിരയായ ഒരു പതിമൂന്നുകാരി പെൺകുട്ടിയുടെ ദയനീയമായ കഥ. ഗർഭിണിയായി ആശുപത്രിയിൽ വന്നപ്പോഴാണ്‌ നാം കഥയുടെ പിന്നാമ്പുറമറിയുന്നത്. പിതാവിനാൽ ഗർഭംധരിച്ച്‌ രണ്ടുംമൂന്നും പ്രാവശ്യം ഗർഭഛിദ്രം നടത്തേണ്ടിവന്ന മറ്റൊരു പെൺകുട്ടിയുടെ വാർത്തയും, സ്വന്തംപിതാവിന്റെ മൂന്നുകുട്ടികളെ പ്രസവിക്കാൻ വിധിക്കപ്പെട്ട വാർത്തയും സാംസ്കാരിക കേരളം പലതവണ വായിച്ചുതള്ളിയതാണ്‌. സ്കൂളിൽ നിന്നും വെള്ളം കുടിക്കാൻ പോയ എട്ടുവയസ്സുകാരി ബാലികയെ പേരക്ക കാണിച്ച് പ്രലോഭിപ്പിച്ച് ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ചാക്കിൽകെട്ടിയ വാർത്ത നാം നടുക്കത്തോടെ വായിച്ചു. നാടോടിസംഘത്തിൽപെട്ട അമ്മയുടെകൂടെ ഉറങ്ങികിടന്ന രണ്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പൈശാചിക വൈകൃതങ്ങൾക്ക് വിധേയമാക്കി റോഡരുകിൽതള്ളി കടന്നുകളഞ്ഞ കാമവെറിയൻമാർ നിർലജ്ജം വാഴുന്ന നാടായി മാറിയിരിക്കുകയാണ്‌ നമ്മുടെ സംസ്ഥാനം.

ട്രെയ്ൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായി
അതിദാരുണമായി കൊല്ലപ്പെട്ട സൗമ്യയെന്ന പെൺകുട്ടിയെ നാമാരും മറന്നിട്ടില്ല.
മിഠായിയും കളിപ്പാട്ടവുംനൽകി പ്രലോഭിപ്പിച്ച്‌ കുരുന്നുമനസുകളുടെ രോദനങ്ങൾക്കിടയിലും കാമസുഖം തേടുന്ന കാമവെറിയൻമാർ യഥേഷ്ടംവിലസുന്ന നാടായി നമ്മുടെനാട് മാറിയിരിക്കുന്നു. സൗജന്യ ട്യൂഷൻ സെന്ററിന്റെ മറവിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരെ ബ്ലാക്മയിൽ ചെയ്ത്‌ നഗ്നചേഷ്ടകൾ പകർത്തിയെടുക്കുകയും ചെയ്തത് കുറച്ചു മുമ്പ് നാം കേട്ടു മറന്ന മറ്റൊരു കഥ. മിഠായിയും പോക്കറ്റ്മണിയും നൽകി ചെറിയ മക്കളെ പ്രലോഭിപ്പിച്ച് നിരന്തരം ലൈഗികമായി ചൂഷണം ചൈത ഒരു ലോട്ടറിവിൽ‌പ്പനക്കാരന്റെ വാർത്ത ഈയടുത്ത് നാം വായിച്ചു പൊറുപ്പിച്ചു. ആൽബം നിർമ്മാണത്തിന്റെയും സീരിയൽ അഭിനയത്തിന്റെയും പേരിൽ പെൺകുട്ടികളെ വലവീശിപ്പിടിച്ച് വിൽ‌പ്പനക്ക് വെക്കുന്നത് എത്ര ലാഘവത്തോടെയാണ് നാം വായിച്ചു തള്ളിയത്. പ്രമാദമായ കിളിരൂർ കവിയൂർ കേസുകളുടെയൊക്കെ തുടക്കം ഇത്തരം നാടകങ്ങളിൽനിന്നാണെന്നത് നാമാരും മറന്നുകാണില്ല. ഏതെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ കുറച്ചുകാലം അതിന്റെ പിന്നാലെ ഓടിക്കൂടുന്നു എന്നല്ലാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യമായൊന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ല. കാക്കതൊള്ളായിരം വനിതാ സംഘടനകളും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമുള്ള കേരളത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാൻ ഇത്തരം പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടൊ?

കുട്ടികളിൽ നല്ലൊരുശതമാനവും ലൈംഗികപീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്ന്‌ തിരുവനന്തപുരത്തെ ഒരു കൗൺസലിംങ്ങ്‌ ഏജൻസി പുറത്തുവിട്ട സർവ്വെ റിപ്പോർട്ടിൽ പറയുന്നു. ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷമാക്കുന്ന പ്രസിദ്ധീകരണങ്ങളും വിപണിയിൽ സുലഭമാണ്‌. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയാൻ കഴിഞ്ഞേക്കും. ഇത്തരം കേസുകളിലുള്ള അന്യേഷണങ്ങളും തുടർനടപടികളും പൂർണമായും തൃപ്തികരമാണൊ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പഴുതുകളില്ലാത്തവിധം പുതിയനിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവുമാക്കുകയൊ
അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവൽക്കരണവും കൗൺസലിംങ്ങും കുട്ടികൾക്ക്‌ ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കുവാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിലുണ്ടാക്കിയെടുക്കണം. മതിയായശ്രദ്ധയും കാര്യക്ഷമമായ നടപടികളും ഇക്കാര്യത്തിലുണ്ടെങ്കിൽ, ഇത്തരം കാട്ടാളഹൃദയരുടെ കരാളഹസ്തങ്ങളിൽ കിടന്ന്‌ പിടയുന്ന പെൺകുട്ടികളുടെ ദയനീയമുഖങ്ങൾ ഒരു പരിധിവരെ നമുക്കിനിയും കാണേണ്ടിവരില്ല.

സമൂഹത്തിന്റെ ഉത്തരവാദിത്വം:-
പെൺകുട്ടികൾ സാമൂഹ്യ വ്യവസ്ഥിതിയുടെ നട്ടെല്ലാണ്. ഒരു സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. അതുപോലെ ലൈംഗികാതിക്രമണ കേസുകളെ നേരിടുന്നതിൽ സമൂഹമനോഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ഇരകളാകുന്നവരോട് ഒരുതരത്തിലുള്ള പുഛമായ നിലപാടാണ് സമൂഹത്തിന് പൊതുവേയുള്ളത്. ഈ മനോഭാവം കുട്ടികളെ വഴിവെട്ട ജീവിതത്തിലേക്കും നിത്യ നാശത്തിലേക്കുമാണ് തള്ളിവിടുന്നത്. കുട്ടികളെ അനാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതൊ പീഡിപ്പിക്കുന്നതൊ ശ്രദ്ധയിൽ പെട്ടാൽ എത്രയുംവേഗം ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ആവശ്യമായ കാര്യങ്ങൾ ചെയ്യാനും പൊതുജനം തയ്യാറാവണം. ചെറിയ ഇടപെടലുകൾ കൊണ്ട് ഒഴിവാക്കാവുന്ന വലിയ പ്രതിസന്ധികൾ നാം കാണാതെ പോകരുത്. സൗമ്യയെന്ന പെൺകുട്ടി മൃഗീയമായി നശിപ്പിക്കപ്പെട്ടത് ഇത്തരം സാമൂഹ്യ ഇടപെടലിന്റെ അഭാവമാണെന്ന് നാം ഇതിനകം മനസിലാക്കിയതാണ്‌.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്:-
മക്കൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. പ്രായവ്യത്യാസമന്ന്യേ കുട്ടികൾ വളരുന്നതിനനുസരിച്ച് രക്ഷിതാക്കൾ അവരുടെ കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തണം. എല്ലാ രക്ഷിതാക്കളും അവരവരുടെ കാഴ്ചപ്പാടിൽ മക്കളെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ്. എന്നാൽ ഇതിൽ വരുന്ന പാളിച്ചകളാണ് നമ്മുടെ മക്കളെ നമുക്ക്തന്നെ അന്യമാക്കുന്നത്. കുട്ടികളെ ആത്മാർത്ഥമായി സ്നേഹിക്കാൻ നമുക്ക് കഴിയണം. സ്നേഹം ലഭിക്കേണ്ടവരിൽനിന്ന് അത് ലഭിക്കാതെ വരുമ്പോൾ സ്നേഹം നടിക്കുന്നവരുടെ വലയിൽ കുട്ടികൾ പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

= കുട്ടികളെ പ്രായത്തിനും പക്വതക്കുമനുസരിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക
= കുട്ടികളുമായി ദിവസവും സംവദിക്കുവാൻ സമയം കണ്ടെത്തുക
= സ്കൂളിലും യാത്രയിലുമുള്ള അനുഭവങ്ങളെല്ലാം തുറന്ന് പറയുന്ന അവസ്ഥയിലേക്ക് കുട്ടികളെ മാനസികമായി പരിവർത്തിപ്പിക്കുക.
= കുട്ടികളുടെ കൂട്ടുകെട്ടുകളും ബന്ധങ്ങളും
ഏതൊക്കെ തരത്തിലാണെന്നും ആരോടൊക്കെയാണെന്നും
വ്യക്തമായി നിരീക്ഷിക്കുക
= പഠിക്കുന്ന വിദ്യാലയമായും അദ്ധ്യാപകരുമായും നല്ല കമ്മ്യൂണിക്കേഷൻ നിലനിർത്തുക
= സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും
വീട്ടിലും കുട്ടിയുടെ സ്വഭാവവും പെരുമാറ്റ രീതികളും നിരീക്ഷിക്കുക
= കുട്ടികളുടെ പോക്ക് വരവുകളും ക്ലാസുകളുടെ സമയക്രമവുമെല്ലാം രക്ഷിതാക്കൾ നല്ലപോലെ മനസ്സിലാക്കിയിരിക്കണം
= രക്ഷിതാക്കൾ വാങ്ങിനൽകാത്ത എന്തെങ്കിലും വസ്തുക്കളുമായി കുട്ടികൾ വീട്ടിൽ വരുമ്പോൾ അതിന്റെ ഉറവിടം അന്യേഷിക്കണം.
= കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം വളരെ പ്രധാനമാണ്. വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന കുട്ടി പെട്ടെന്ന് മൗനിയാകുമ്പോഴൊ പഠനത്തിൽ മതിയായ ശ്രദ്ധയില്ലാതാവുമ്പോഴൊ രക്ഷിതാക്കൾ ശരിയായ കാരണം കണ്ടെത്താൻ ശ്രമിക്കണം
= സ്കൂൾ പഠനകാലത്ത് കുട്ടികൾ സ്വന്തമായി മൊബൈൽഫോൺ ഉപയോഗിക്കുന്നത് കർശനമായും വിലക്കണം
= കമ്പ്യൂട്ടറും ടെലിവിഷനുമെല്ലാം എല്ലാവർക്കും കാണത്തക്ക രീതിയിലുള്ള മുറികളിൽ സജ്ജീകരിക്കണം
= ഇത്തരം നിരീക്ഷണങ്ങൾ നടത്തുമ്പോഴും ഉപദേശങ്ങൾ നൽകുമ്പോഴും കുട്ടികളെ കുറ്റപ്പെടുത്തിക്കൊണ്ടൊ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടൊ ആവരുത്. അത് അവരിൽ അഘാതമായ മാനസിക പ്രശ്നങ്ങളുണ്ടാക്കും.

അദ്ധ്യാപകരുടേയും വിദ്യാലയത്തിന്റേയും പങ്ക് :-
= കുട്ടികളുമായി ഏറ്റവുമധികം സംവദിക്കാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. കുട്ടികളുടെ സ്വഭാവത്തിലൊ പെരുമാറ്റത്തിലൊ
എന്തെങ്കിലും അസ്വാഭാവികത കാണുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതിവിധികൾ കണ്ടെത്താനും അദ്ധ്യാപകർക്ക് കഴിയണം.
= പ്രവർത്തി ദിനങ്ങളിൽ കുട്ടികൾ ക്ലാസിൽ വരാതിരിക്കുമ്പോൾ രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള മനസ്കത അദ്ധ്യാപകർ കാണിക്കണം
= സ്കൂളുകളിൽ കൗൺസലിങ്ങും പഠന ക്ലാസ്സുകളും സംഘടിപ്പിച്ച് കുട്ടികൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തണം
= ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽനിന്നുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാൻ അദ്ധ്യാപകരും സ്കൂളധികൃതരും തയ്യാറാകണം.

ഇത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായ ശ്രമങ്ങളുണ്ടായാൽ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാവുന്നതാണ്.
                           

                                            
                     കടപ്പാട് >         മുഹമ്മദ്കുഞ്ഞി വണ്ടൂര്‍  

No comments: